ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനുമായ റേ ഡാലിയോ . ലോകരാജ്യങ്ങളെ ഒരുമിപ്പിച്ചതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുള്ളതാണെന്നും റേ ഡാലിയോ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് റേ ഡാലിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ദരിദ്രരെയും സമ്പന്നരായ ബിസിനസുകാരെയും ഉൾപ്പടെ സഹായിച്ചുകൊണ്ട് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്ന ശൈലിയാണ് തനിക്ക് അദ്ദേഹത്തിൽ മതിപ്പുളവാക്കിയതെന്ന് ഡാലിയോ പറഞ്ഞു. പത്ത് കോടി ശുചിമുറികൾ നിർമ്മിക്കാനുള്ള സർക്കാർ ശ്രമങ്ങളെയും ഡാലിയോ പ്രശംസിച്ചു. അതുവഴി രോഗങ്ങൾ കുറയ്ക്കുകയും ആയിരക്കണക്കിന് ജീവൻ രക്ഷിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കാര്യപ്രാപ്തി നരേന്ദ്ര മോദിക്കുള്ളതുകൊണ്ടാണ് വമ്പിച്ച ജനവിധി അദ്ദേഹത്തെ തേടിയെത്തിയത്. മറ്റ് രാജ്യങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള കാര്യങ്ങളാണിവ- ഡാലിയോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടുകളിലൊന്നായ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനാണ് റേ ഡാലിയോ, ലോകത്തിലെ 58-ാമത്തെ സമ്പന്ന വ്യക്തിയായി 2019 ജൂണിൽ ബ്ലൂംബെർഗ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
Discussion about this post