അയോധ്യാ വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ ചില മേഖലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളിലല് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. മഞ്ചേശ്വരം കുമ്പള, ചന്ദേര, ഹൊസ്ദുര്‍ഗ്,കാസര്‍കോഡ് എന്നീ പോലീസ് സ്റ്റേഷന്റെ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 11ാം തിയതി രാത്രി 12 വരെ നിരോധനാജ്ഞ തുടരും.
അയോധ്യയിലടക്കം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. യുപിയിലേയും മധ്യപ്രദേശിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയില്‍ തിങ്കളാഴ്ച വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഡല്‍ഹിയിലും ബെംഗളൂരുവിലും ഭോപ്പാലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ രാവിലെ ഏഴ് മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ.
മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പരത്തുന്നവരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാനാണു നിര്‍ദ്ദേശം. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.
രാവിലെ 10.30നാണ് ചരിത്ര പ്രാധാന്യമുള്ള വിധി പുറത്ത് വരിക.
Discussion about this post