ഡല്‍ഹി: രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് സുപ്രിം കോടതി അനുമതി നല്‍കിയതോടെ ഇനി ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാകും. ക്ഷേത്രനിര്മ്മാണത്തിന്റെയും അനുബന്ധകാര്യങ്ങളുടെയും ചുമതല കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും. മൂന്ന് മാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദ്ദേശം. എന്നാല്‍ വേഗത്തില്‍ തന്നെ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
കോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ തര്‍ക്ക ഭൂമി ഏറ്റെടുക്കും. നിലവില്‍ ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്രനീക്കത്തിന് വേറെ തടസ്സങ്ങളൊന്നും ഇല്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന് പിന്നീട് ഭൂമി കൈമാറണം. പിന്നീടായിരിക്കും ക്ഷേത്രനിര്‍മ്മാണം തുടങ്ങുക. ക്ഷേത്രഭരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ട്രസ്റ്റ് ആയിരിക്കും തീരുമാനിക്കുക.
ക്ഷേത്ര ഭൂമിയില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ച നിര്‍മോഹി അഖാണ്ഡയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണം. തര്‍ക്കമില്ലാതെ ഇക്കാര്യത്തില്‍ നീങ്ങണമെന്ന് സുപ്രിം കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂജ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍മോഹി അഖാഡയ്ക്കുള്ള ചുമതലകള്‍ സംബന്ധിച്ചും സമവായത്തിലെത്തണം.
ട്രസ്റ്റില്‍ ആരെല്ലാം വേണമെന്നത് സംബന്ധിച്ചും സമവായത്തിലെത്തേണ്ടി വരും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെങ്കിലും തര്‍ക്കങ്ങള്‍ ഒഴിവാക്കി സമവായത്തിലൂടെ മുന്നോട്ട് പോകാനായിരിക്കും ശ്രമം.
സുപ്രിം കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പടെയുള്ള സംഘടനകള്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഏത് നിമിഷവും ക്ഷേത്രം ഉയര്‍ത്താവുന്ന വിധത്തില്‍ രൂപകല്പന ഉള്‍പ്പടെ എല്ലാം കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വര്‍ഷങ്ങളായി അയോധ്യയില്‍ തന്നെ തയ്യാറാക്കിയ സ്ഥലത്ത് കല്ലുകള്‍ കത്തുന്ന പ്രവര്‍ത്തികള്‍ രാപകലില്ലാതെ തുടരുകയായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ ഭൂരിഭാഗവും ഇവിടെ സ്വരൂപിച്ചു കഴിഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടാല്‍ വേഗത്തില്‍ തന്നെ മന്ദിരം ഉയര്‍ത്താവുന്ന തരത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്.
Discussion about this post