ഡല്‍ഹി: ശിവസേന എന്‍ഡിഎ സഖ്യം പൂര്‍ണമായി ഉപേക്ഷിക്കുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയിരുന്നു.
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതോടെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.
288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ശിവസേനയ്ക്ക് 56 എം.എല്‍.എമാരുള്ളത്.ശിവസേന മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടതാണ് ബിജെപി സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. നേരത്തെ എന്‍.സി.പിയുമായി ശിവസേന സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം പൂര്‍ണമായും അവസാനിപ്പിക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ആവശ്യം. ഇതിന്റെ ഭാഗമായാകാം രാജിയെന്ന് കരുതപ്പെടുന്നു. ശിവസേന-എന്‍.സി.പി സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുകയാണെങ്കില് മുഖ്യമന്ത്രിപദം ശിവസേനയ്ക്കും എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിച്ചേക്കും.
പിന്തുണയുമായി ബന്ധപ്പെട്ട് എന്‍.സി.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഇതുവരെ ശിവസേനയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുമില്ല. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറുമായി അല്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ശേഷം സഞ്ജയ് റാവത്ത് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അഭിപ്രായം. എന്നാല്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കുന്നതിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ എതിര്‍പ്പുന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ നിലവില്‍ ജയ്പുറിലെ റിസോര്‍ട്ടിലാണുള്ളത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു വൈകിട്ട് സോണിയയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
Discussion about this post