ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്ഗ്രസിനക്തതെ അഭിപ്രായഭിന്നത ശക്തമാകുന്നു. ശിവസേനയെ പിന്തുണക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.
അതേസമയം സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഭൂരിഭാഗവും ബിജെപിയെ ഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ സേനയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. ഇതോടെ അന്തിമതീരുമാനം സോണിയാ ഗാന്ധിയ്ക്ക് വിട്ടു, വ്യക്തിപരമായി സോണിയയ്ക്കും ശിവസേനയെ പിന്തുണക്കുന്നതില് താല്പര്യമില്ല. ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിന്റെ മതേതര വാചകമടി തുടരനാവാവില്ലെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനമെടുക്കാന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മാത്രമേ ശിവസേനയെ തുണയ്ക്കു എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ നേതാക്കള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നു ചര്‍ച്ച ചെയ്യുമെന്നു മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി. പ്രതിപക്ഷത്തിരിക്കുകയെന്നാണ് പൊതുനിലപാടെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.വൈകിട്ട് നാലു മണിക്ക് മഹാരാഷ്ട്രയില്‍നിന്നുള്ള മുന്‍ മുഖ്യമന്ത്രിമാരുമായും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുമായും സോണിയാ ഗാന്ധി നടത്തുന്ന കൂടിക്കാഴ്ചയില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണു സൂചന. ശിവസേനയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരിന്റെ ഭാഗമാകണോ അതോ പുറത്തുനിന്നു പിന്തുണച്ചാല്‍ മതിയോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകാനുണ്ട്. വര്‍ഗീയ കക്ഷിയെന്നു പറഞ്ഞ് എതിര്‍ത്തിരുന്ന ശിവസേനയ്ക്ക് ഒപ്പം ചേരുന്നത് പല തലത്തില്‍നിന്നും എതിര്‍പ്പുകള്‍ക്കു കാരണമാകുമെന്നാണു ഒരു വിഭാഗം നേതാക്കളുടെ ആശങ്ക. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരു പൊതുമിനിമം പരിപാടി മുന്നോട്ടുവയ്ക്കും.
സേനയെ പിന്തുണയ്ക്കുന്നത് ദുരന്തമാകുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നേതൃത്വത്തിനു മുന്നറിയിപ്പു നല്കി. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണു വേണ്ടതെന്നും ഒരു സാഹചര്യത്തിലും സേനയുമായി അധികാരം പങ്കിടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരു സര്‍ക്കാരുണ്ടാക്കിയാലും അധികകാലം ഭരിക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷം തന്നെ തിരഞ്ഞെടുപ്പുണ്ടാകും. അപ്പോള്‍ കോണ്‍ഗ്രസിന് ശിവസേനയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമോ എന്നും സഞ്ജയ് നിരുപം ചോദിക്കുന്നു.
Discussion about this post