ഒരു കമ്പനിക്കും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരില്ലെന്നും എല്ലാവരും അഭിവൃദ്ധിപ്രാപിക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധി സംബന്ധിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ടെലികോം കമ്പനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും സെപ്റ്റംബര്‍ പാദത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ടെലികോം മേഖലയിലെ പിരിമുറുക്കം പഠിക്കാന്‍ രൂപീകരിച്ച സെക്രട്ടറിതല സമിതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ നട്ടെല്ലൊടിച്ചത്. ഇന്ത്യയില്‍ കോടിക്കണക്കിനുരൂപ നിക്ഷേപിച്ചശേഷം പത്തുകമ്പനികള്‍ക്കെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിപ്പോകേണ്ടിവന്നു.
കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്കുനല്‍കേണ്ട ഫീസുകളുംകൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായില്ല.
Discussion about this post