നാം കുടിക്കുന്ന ഒരു തുള്ളി വെള്ളത്തെ പോലും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിത്. പ്ലാസ്റ്റിക് കവറില്‍ ലഭിക്കുന്ന വെള്ളം കുടിക്കരുതെന്ന മുന്നറിയിപ്പുമായി ഒരു സന്ദേശം വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും കറങ്ങിനടക്കുന്നുണ്ട്. രോഗകാരിയായ ബാക്ടീരിയയാണ് ഇതിനു കാരണം.ഇതിനെല്ലാം നാം കണ്ടെത്തുന്ന ഒരേയൊരു പരിഹാരം വാട്ടര്‍ പ്യൂരിഫയറുകള്‍ മാത്രമാണ്. ഇതാ, പ്യൂരിഫയറുകളില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കാന്‍ ചൈനയുടെ സ്വന്തം ഷവോമി സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫയറുമായി എത്തുന്നു- ‘മി വാട്ടര്‍ പ്യൂരിഫയര്‍’.
മൊബൈലില്‍ ചരിത്രംകുറിച്ച് നമുക്കേറെ പരിചിതമായിക്കഴിഞ്ഞു ഷവോമി. തുടക്കത്തില്‍ പലവിധത്തില്‍ പഴികേട്ടെങ്കിലും കുറഞ്ഞവിലയ്ക്ക് കൂടുതല്‍ മൂല്യമുള്ള മൊബൈല്‍ ഡിവൈസുകള്‍ അവതരിപ്പിച്ച് ഷവോമി അതിവേഗം വിപണിപിടിച്ചു. കഴിഞ്ഞയാഴ്ചയാണ് മി വാട്ടര്‍ പ്യൂരിഫയര്‍ അവര്‍ അവതരിപ്പിച്ചത്.സ്മാര്‍ട്ട്ഹോം എന്ന ആശയം വൈവിധ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫയര്‍ വരുന്നത്. കുടിക്കുന്ന വെള്ളത്തെക്കുറിച്ചുള്ള സകല വിവരങ്ങളും സ്മാര്‍ട്ട്ഫോണ്‍ വഴി ഈ പുത്തന്‍ ഉപകരണം അറിയിക്കും.
ഷവോമിയുടെ സ്മാര്‍ട്ട് നെറ്റ്വര്ക്കിലെ മറ്റ് ഉപകരണങ്ങള്‍ എന്നപോലെ പ്യൂരിഫയറിനെയും നിയന്ത്രിക്കുന്നത് സ്മാര്‍ട്ട്ഫോണ്‍ ആപ് ആണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കും. ബില്‍റ്റ് ഇന്‍ വൈ-ഫൈ കണക്ടിവിറ്റിയോടെയാണ് പ്യൂരിഫയര്‍ രംഗത്തെത്തുന്നത്.
റിവേഴ്സ് ഓസ്മോസിസ് പ്രയോജനപ്പെടുത്തുന്ന വളരെ കോംപാക്ട് ആയ പ്യൂരിഫയറാണ് ഇതെന്ന് ഷവോമിയുടെ വൈസ് പ്രസിഡന്റ് യൂഗോ ബാര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വെള്ളത്തിന്റെ ഗുണനിലവാരം തത്സമയം ഫോണ്‍ സ്ക്രീനില്‍ കാണിക്കും. പ്യൂരിഫയറിലെ ഫില്‍റ്റര്‍ മാറ്റാറാകുമ്പോഴും ഫോണ്‍ മുന്നറിയിപ്പുനല്‍കും. ഈ ഉപകരണം ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നും യൂഗോ പറഞ്ഞു.
നാലു ഫില്‍റ്ററുകള്‍ ഉണ്ടാകും. ഒരു മിനിറ്റില്‍ ഒരു ലിറ്റര്‍ എന്ന കണക്കില്‍ വെള്ളം ശുദ്ധീകരിച്ചെടുക്കും. സാധാരണ പ്യൂരിഫയറുകളേക്കാള് എട്ടുമടങ്ങു വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വലിപ്പക്കുറവാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. ഒരു എ4 കടലാസിനേക്കാള് ചെറുതാണ് ഇതിന്റെ ബേസ് ഏരിയ. ഏതാണ്ട് 13,000 രൂപയായിരിക്കും ഇന്ത്യയില്‍ ഇതിന്റെ വില.
രക്തസമ്മര്‍ദ്ദം അളക്കാനുള്ള ഉപകരണം, സ്മാര്‍ട്ട് ബള്‍ബുകള്‍, എയര്‍ പ്യൂരിഫയര്‍, കുറഞ്ഞ വിലയുള്ള റൂട്ടറുകള്‍ എന്നിവയും ഷവോമി പുതുതായി അവതരിപ്പിക്കുന്നുണ്ട്.
Discussion about this post