തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തിരുത്തല്‍ അന്വേഷണം നടക്കുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോ രണ്ടോ പേര് മാത്രമാണോ വലിയ സംഘമുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇഎസ് സെക്ഷനിലാണു തട്ടിപ്പ് നടന്നതെന്നാണു പ്രാഥമിക കണ്ടെത്തല്‍.സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ.
കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കത്ത് പൊലീസ് മേധാവിക്കു റജിസ്ട്രാര്‍ കൈമാറി.
സംഭവത്തില്‍ സര്‍വ്വകലാശാല ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. പ്രോ വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര് എന്നിവരുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. മൂന്നു കംപ്യൂട്ടര്‍ വിദഗ്ധരുടെ സേവനവും സര്‍വകലാശാല തേടിയിട്ടുണ്ട്.
തട്ടിപ്പു നടന്ന കാലയളവില്‍ ബന്ധപ്പെട്ട സെക്ഷനില്‍ ജോലി ചെയ്തവരെ ചോദ്യം ചെയ്യും. കൃത്രിമം നടന്നയുടന്‍ മാര്‍ക്ക് ലിസ്റ്റ് വാങ്ങിയ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post