ശത്രുരാജ്യങ്ങളുടെ ഇമയനക്കങ്ങള്‍ പോലും മുന്‍കൂട്ടി അറിയാന്‍ ആകാശത്ത് കണ്ണ് തുറന്ന് ഇന്ത്യയുടെ ത്രിമൂര്‍ത്തി ഉപഗ്രഹങ്ങള്‍. കാര്‍ട്ടോസാറ്റ് 3 ,റിസാറ്റ്–2, ബിആര്‍ 2 എന്നി ഉപഗ്രഹങ്ങളാണ് ശത്രുക്കളുടെ നീക്കങ്ങളെ അനാവൃതമാക്കി ഇന്ത്യന്‍ സേനയുടെ കരുത്ത് കൂട്ടുക. കാര്‍ട്ടോസാറ്റ് 3 അടുത്ത 25 നും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ കഴിയുന്ന റിസാറ്റ്–2 ബിആര്‍ 1, ബിആര്‍ 2 ഉപഗ്രഹങ്ങള്‍ ഡിസംബറിലും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.പിഎസ്എല്‍വി സി–47, 48, 49 റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കാര്‍ട്ടോസാറ്റിനൊപ്പം യുഎസിന്റെ 13 ചെറിയ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുന്നുണ്ട്.
25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ നിന്നു വേര്‍തിരിച്ചറിയാനും ദൃശ്യം പകര്‍ത്താനും ശേഷിയുള്ള ക്യാമറയാണു കാര്‍ട്ടോസാറ്റ് 3 ല്‍ ഉള്ളത്. ശത്രുപാളയത്തിലെ മനുഷ്യര്‍ക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വരെ വിവരങ്ങള്‍ സേനയ്ക്കു ലഭിക്കും. സൈനികാവശ്യങ്ങള്‍ക്കു മാത്രമായി കഴിഞ്ഞ ഏപ്രിലില്‍ എമിസാറ്റ്, മേയില്‍ റിസാറ്റ് 2 ബി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിനു പിന്നാലെയാണ് ഇന്ത്യ ആകാശത്ത് വീണ്ടും ചാരക്കണ്ണുകള്‍ വിന്യസിക്കുന്നത്.
കാര്‍ട്ടോസാറ്റില്‍ 16 കിലോമീറ്റര്‍ വ്യാപ്തിയുള്ള മേഖല ഒറ്റദൃശ്യത്തില്‍ പകര്‍ത്താനുളള സ്പേഷ്യല്‍ റേഞ്ചുമുണ്ട്. ഭീകരകേന്ദ്രങ്ങളിലെ ഒളിത്താവളങ്ങള്‍ക്കുള്ളിലെ ദൃശ്യം വരെ പകര്‍ത്താന്‍ കഴിയുന്ന മള്‍ട്ടിസ്പെക്ട്രല്‍, ഹൈപ്പര്‍ സ്പെക്ട്രല്‍ ഉപകരണങ്ങളും ഈ ഉപഗ്രഹത്തിലുണ്ട്. കനത്ത മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹങ്ങളാണു റിസാറ്റ് ബിആര്‍1, 2 എന്നിവ. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുക. നുഴഞ്ഞ് കയറ്റക്കാരുടെ ചെറു ചലനങ്ങള്‍ പോലും മനസിലാക്കാനും പകര്‍ത്താനും ഈ ഉപഗ്രഹത്തിന് കഴിയും.
ജിസാറ്റ്-1, ജിസാറ്റ്-2, റിസാറ്റ്-1എ, ജിസാറ്റ് 32 തുടങ്ങിയ സൈനികാവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയുടെ അടുത്ത വര്‍ഷത്തെ വിക്ഷേപണപ്പട്ടികയിലുണ്ട്. ഇതോടെ ആകാശത്ത് ഏറ്റവും കരുത്തുറ്റ ചാരക്കണ്ണുകളുള്ള സേനയായി ഇന്ത്യ മാറും. നേരത്തെ ബല്ലാക്കോട്ട് ആക്രമണത്തിനും, മിന്നലാക്രമണത്തിനും സഹായകരമായത് ഇന്ത്യയുടെ ചാര ഉപഗ്രഹങ്ങളായിരുന്നു. പാക്കിസ്ഥാനെ ഏറ്റവും ഭയപ്പെടുത്തുന്നതും പിന്നോട്ടടിക്കുന്നതും ഇന്ത്യയുടെ ഉപഗ്രഹ ചാരക്കണ്ണുകളാണ്. പിഒകെയിലേത് ഉള്‍പ്പടെ പാക്കിസ്ഥാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യയുടെ ചാരക്കണ്ണുകളില്‍ നി്ന്ന ഒളിപ്പിക്കാനാവാത്തത് അവരുടെ ഉറക്കം കെടുത്തുന്നു.
Discussion about this post