ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ശിവസേനയുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി അനുമതി നല്‍കിയതായിട്ടാണ് സൂചന. എന്‍സിപി വൃത്തങ്ങളെ അടിസ്ഥാനമാക്കി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. തിങ്കളാഴ്ച നടന്ന പവാര്‍ – സോണിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയയില്‍ നിന്ന് അനുകൂല നിലപാടുണ്ടായതെന്നാണ് സൂചന.
ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നേതാക്കള്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പൃഥ്വിരാജ് ചൗഹാന്, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി. എന്‍സിപിയെ പ്രതിനിധീകരിച്ച് സുപ്രിയ സുലെ, അജിത്ത് പവാര്‍, ജയന്ത് പാട്ടീല്‍, നവാബ് മാലിക്ക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ രൂപവത്കരണത്തിലെ അനിശ്ചിതത്വം നീങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. വര്‍ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ടുപോയാല്‍ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സൂചന കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, തടസങ്ങളെല്ലാം നീങ്ങിയെന്നും സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച തീരുമാനം നാളെ തന്നെ ഉണ്ടാവുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
Discussion about this post