മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ സംബന്ധിച്ച സംയുക്ത ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഇന്നലെ നടന്ന ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായിരുന്നു. യോഗത്തില്‍ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എന്‍സിപി.അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചു. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു. മഹാവികാസ് അഖാഡി എന്ന പേരിലാകും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക.
അതേസമയം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാന്‍ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യര്‍ഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്.
ധാരണയനുസരിച്ച്, അഞ്ചുവര്‍ഷം മുഴുവന്‍ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയാവും. ആഭ്യന്തരവകുപ്പ് എന്‍.സി.പി.ക്കും ധനം കോണ്‍ഗ്രസിനും ലഭിക്കും. നഗരവികസനം, റവന്യൂ വകുപ്പുകള്‍ ശിവസേന കൈകാര്യംചെയ്യും. ആരൊക്കെ മന്ത്രിമാരാവണമെന്നും അവരുടെ വകുപ്പുകളും സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ശിവസേനയുമായിച്ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനത്തിന് ചെറുസഖ്യകക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്.
രാവിലെമുതല്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിക്കും. വൈകിട്ടോടെയാകും ഔദ്യോഗിക സഖ്യ പ്രഖ്യാപനം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ഉപമുഖ്യമന്ത്രിമാരെയും ഇന്നറിയാം.കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
ഇന്നലെ വൈകീട്ട് വര്‍ളിയിലെ നെഹ്രു സെന്ററില്‍ നടന്ന സംയുക്തയോഗത്തില്‍ ശിവസേനയെ പ്രതിനിധാനംചെയ്ത് ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത്, ഏക്നാഥ് ഷിന്‍ഡെ, ആദിത്യ താക്കറെ എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍, പൃഥ്വിരാജ് ചവാന്, അശോക് ചവാന്, ബാലാസാഹെബ് തോറാട്ട് എന്നിവരും എന്‍.സി.പി.യെ പ്രതിനിധാനംചെയ്ത് ശരദ് പവാര്‍, അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post