ഇടുക്കി അണക്കെട്ടിനു മുകളിലേക്കു സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കാർ ഓടിച്ച് കയറ്റി. ഇന്നലെ രണ്ടോടെ അണക്കെട്ടിൽ സന്ദർശകരുടെ തിരക്കുള്ള സമയത്തായിരുന്നു സംഭവം.കാർ ഓടിച്ചിരുന്ന ആലുവ തോട്ടുമുഖം കടവത്ത് സജാസ്(27)നെതിരെ കേസെടുത്തു.
ചെറുതോണി അണക്കെട്ടിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടം സന്ദർശകർക്കു ഭാഗികമായി തുറന്നിരുന്ന സമയത്താണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൂന്നംഗ സംഘം അണക്കെട്ടിന്റെ മുകൾത്തട്ടിലേക്ക് കാർ ഓടിച്ച് കയറ്റിയത്. കവാടത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും മറികടന്ന് പോകുകയായിരുന്നു.
അമിത വേഗത്തിൽ വരുന്ന കാർ കണ്ട് ഓടി മാറുന്നതിനിടയിൽ അണക്കെട്ടിന്റെ മുകൾത്തട്ടിൽ വിനോദ സഞ്ചാരികൾക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വീണത് പരിഭ്രാന്തി പടർത്തി. കാർ പിന്നീട് നിയന്ത്രണം നഷ്ടമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു മധ്യേ നിന്നു പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ ഉണ്ടായിരുന്നവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി.
പിടിയിലായ സജാസ് തങ്കമണിയിൽ മരണ വീട്ടിൽ വന്നതാണെന്നും ഇയാൾക്ക് മനോദൗർബല്യം ഉള്ളതായി കരുതുന്നുവെന്നും പൊലീസ് പറഞ്ഞു.
Discussion about this post