ഡല്‍ഹി: താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് അതുകൊണ്ടു തന്നെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു. എന്‍സിസി കേഡറ്റുകളുമായി നടത്തിയ സംവാദത്തിലായിരുന്നു മോദിയുടെ പ്രതികരണം.
രാഷ്ട്രീയത്തിലിറങ്ങിയിരുന്നില്ലെങ്കില് അങ്ങ് ആരാകുമായിരുന്നു എന്ന ചോദ്യത്തിന് അത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നായിരുന്നു മോദിയുടെ മറുപടി. ‘ ഓരോ വ്യക്തിയും അവന്റെ ജീവിതത്തില്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകും. ഭാവിയില്‍ ആരാകണമെന്ന കാര്യത്തില്‍ പല സന്ദര്‍ഭങ്ങളിലും പല ചിന്തകളാണു ബാല്യകാലത്തുണ്ടാകുക. പക്ഷേ, അക്കാലത്ത് ഒരിക്കല്‍ പോലും രാഷ്ട്രീയക്കാരനാകണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതാണു വാസ്തവം. ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടു തന്നെ രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നത് എന്റെ കടമയാണ്. രാജ്യത്തിനായി ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു’, അദ്ദേഹം പറഞ്ഞു.
‘അയോധ്യ വിധിയില്‍ ജനങ്ങള്‍ പക്വതയോടെയാണു പ്രതികരിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷം നവംബര്‍ 9ന് സുപ്രീം കോടതി പുറപ്പെടുവിച്ചതു ചരിത്രവിധിയാണ്. വ്യക്തിപരമായ താല്പര്യത്തിനും ഉപരിയായി രാജ്യതാല്പര്യത്തിനാണ് ഓരോ ഇന്ത്യക്കാരനും പ്രാധാന്യം നല്‍കിയത്. രാജ്യത്തെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനായി വളരെ പക്വതയോടെയാണ് എല്ലാവരും പ്രതികരിച്ചത്. രാജ്യത്തെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ ഒരുമിച്ചു നിന്നു. പള്ളി നിര്‍മാണത്തിനായി അയോധ്യയില്‍ ഏറ്റവും അനുയോജ്യമായ ഇടത്ത് അഞ്ചേക്കര്‍ നല്‍കും. വിധിയോടു പക്വതയോടെ പ്രതികരിച്ച ജനതയോടു നന്ദിയും കടപ്പാടും അറിയിക്കുകയാണ്’, പ്രധാനമന്ത്രി വ്യക്തമാക്കി.
ഗൂഗിള്‍ വന്നതോടെ വായനാശീലം കുറഞ്ഞെന്നും വളരെ കുറച്ചു സമയം മാത്രമാണ് ടെലിവിഷന്‍ കാണുന്നതെന്നും മോദി പറഞ്ഞു. ഏതാനും ചില സിനിമകളും കാണും. വായനയിലായിരുന്നു കുട്ടിക്കാലം മുതല്‍ താല്പര്യം. എന്നാല്‍ ഗൂഗിള്‍ വന്നതു വായനാശീലം കുറച്ചു. അറിവ് തേടാന്‍ ഗൂഗിള്‍ ഉള്‍പ്പെടെ മറ്റുവഴികള്‍ വന്നതോടെയാണ് വായന കുറഞ്ഞതെന്നും മോദി പറഞ്ഞു.
അച്ചടക്കത്തോടെ ജീവിച്ചിരുന്നതിനാല്‍ കുട്ടിക്കാലത്തു യാതൊരുവിധത്തിലുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും മോദി പറഞ്ഞു. ഒരിക്കല്‍ എന്‍സിസി ക്യാംപിനിടെ മരത്തില്‍ കയറേണ്ടി വന്നതും അദ്ദേഹം ഓര്‍മിച്ചു. എല്ലാവരും കരുതിയത് മരത്തില്‍ കയറിയതിന്റെ പേരില്‍ ശിക്ഷ ലഭിക്കുമെന്നായിരുന്നു. എന്നാല്‍ ഒരു പട്ടച്ചരടില്‍ കഴുത്ത് കുരുങ്ങിയ പക്ഷിയെ രക്ഷിക്കാന്‍ വേണ്ടിയാണ് മരത്തില്‍ കയറിയത്. അക്കാര്യം അറിഞ്ഞതോടെ എല്ലാവരും തന്നെ അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു.
Discussion about this post