മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘കോണ്‍ഗ്രസ്’ പാര്‍ട്ടി പ്രവര്ത്തകന് എന്ന പരാമര്‍ശം ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിന് ആശങ്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയതെന്നും അഭ്യൂഹം കൂടി ഉയര്‍ന്നതോടെ കമല്‍നാഥും സംഘവും ജാഗ്രതയിലാണ്. ട്വിറ്ററില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്നതിന് പകരമായി പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയുമാണെന്നാണ് സിന്ധ്യ പുതിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തയും ശക്തമാണ്.
നേരത്തെ മുന്‍ പാര്‍ലമെന്റ് അംഗം, മുന്‍ മന്ത്രി എന്നിങ്ങനെയാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.രണ്ടു മൂന്നു ദിവസം മുന്‍പാണ് സിന്ധ്യ മോദി കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി കമല്‍നാഥിന് അടുത്തിടെ സിന്ധ്യ തുറന്ന കത്തയയ്ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ചും ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. രാജ്യ താല്പര്യത്തിനനുസരിച്ചാണ് മോദി സര്‍ക്കാര്‍ ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.
കാര്യമായ ഭൂരിപക്ഷമൊന്നമില്ലാതെ മധ്യപ്രദേശ ഭരിക്കുന്ന കോണ്‍ഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ പിളര്‍ത്തുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ്. ജ്യോതരാദജിത്യ സിന്ധ്യ അനുയായികള്‍ക്കൊപ്പം പാര്‍ട്ടി വിട്ടാല്‍ മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വവുമായി പിണക്കത്തിലാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് സിന്ധ്യയാണ്. എന്നാല്‍ കമല്‍ നാഥിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രിയായ ശേഷം സിന്ധ്യ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ഇതിനുശേഷം കഴിഞ്ഞ ഓഗസ്റ്റില്‍, സിന്ധ്യ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്നതിനെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയെ കണ്ട് കമല്‍നാഥ് ഈ നീക്കങ്ങള്‍ തുടക്കത്തിലെ തടഞ്ഞു.
Discussion about this post