ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പിൽ കെ.വി.സുധീഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്
തിരുവല്ല മല്ലപ്പള്ളി റൂട്ടിൽ പാമലയിലാണ് സംഭവം. ഡ്രൈവർ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരുന്ന ചെറിയ കുട്ടിയെക്കൊണ്ട് ഗിയർ മാറ്റി ബസ് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പത്തനംതിട്ട ആർടിഒ ജിജി ജോർജ് ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം തേടി.
റോഡിൽ വണ്ടി ഇറക്കിയില്ലെന്നും ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ, വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആർടിഒയുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ഇതെത്തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
Discussion about this post