ഡൽഹി: പുതിയ തൊഴിൽ നിയമ പ്രകാരം സമരത്തിലേർപ്പെടുന്ന തൊഴിലാളികൾ പതിനാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ രാജ്യഭയിൽ വ്യക്തമാക്കി.
വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള 44 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് പുതിയ നാല് ചട്ടങ്ങൾ രൂപീകരിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016ലെ കണക്ക് പ്രകാരം രാജ്യത്ത് ഉടനീളം പത്ത് കോടി കുടിയേറ്റ തൊഴിലാളികളുണ്ടെന്നും ഇവരുടെ എണ്ണം രാജ്യത്തിന്റെ ആകെ തൊഴിൽ ശക്തിയുടെ ഇരുപത് ശതമാനം വരുമെന്നും കേന്ദ്ര മന്ത്രി രാജ്യസഭയെ അറിയിച്ചു. ഇത് തീർച്ചയായും ഗുരുതരമായ വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും പുതിയ തൊഴിൽ നയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് അംഗങ്ങളായ ദിഗ്വിജയ് സിംഗ്, രാകേഷ് സിൻഹ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്ര തൊഴിൽ മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ജില്ലാ തല സർവ്വേ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
Discussion about this post