കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികളുടെ അഴിഞ്ഞാട്ടം. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബംഗാളില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്.
ബിജെപി വനിതാ നേതാവിന്റെ വീടും വാഹനങ്ങളും ഒരു സംഘം അടിച്ചുതകര്‍ത്തു. നോര്‍ത്ത് 24 പര്‍ഗാന ബിജെപി ജില്ലാ പ്രസിഡന്റായ ഫാല്‍ഗുനി പാത്രയുടെ ബാരക്ക്പുരിലെ വീടും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുകളുമാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഫാല്‍ഗുനി പാത്ര ആരോപിച്ചു.
കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കരിംപുരിലെ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ജോയ് പ്രകാശ് മജുംദറിനെയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ കരിംപുരിലെത്തിയ ജോയ് പ്രകാശിനെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ചവിട്ടിവീഴ്ത്തുകയുമായിരുന്നു.ഇന്ന് ഫലം പുറത്ത് വന്ന ബംഗാളിലെ മൂന്ന് നിയമസഭ സീറ്റുകളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു.
Discussion about this post