ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്ര നേട്ടവുമായി ചാര്‍ജെടുക്കാന്‍ ഒരുങ്ങുകയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സബ് ലഫ്റ്റനെന്റ് ശിവാംഗി. കൊച്ചി നേവല്‍ ബേസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശിവാംഗിക്ക് ഡിസംബര്‍ രണ്ടിന് വിങ്സ് ബാഡ്ജ് നല്‍കും. ഇതുവരെ വനിതാ ‘നിരീക്ഷകരും’ വനിതാ എയര്‍ ട്രാഫിക് കണ്ട്രോള് ഓഫീസര്‍മാരുമാണ് ഇന്ത്യന്‍ നാവികസേനയില്‍ ഉണ്ടായിരുന്നത്.
ഡിസംബര്‍ 4നുള്ള ‘നേവി ദിന’ത്തിന് മുന്‍പാണ് വനിതാ സബ് ലഫ്റ്റനെന്റ് തന്റെ പുതിയ ജോലി ഏറ്റെടുക്കുക. ഡിസംബര്‍ രണ്ടിനാണ് ശിവാംഗിയുടെ പരിശീലനം അവസാനിക്കുന്നത്. കണ്ണൂരിലെ ഏഴിമലയിലുള്ള ഇന്ത്യന്‍ നേവല്‍ അക്കാദമിയിലൂടെയാണ് ശിവാംഗി നാവികസേനയുടെ ഭാഗമാകുന്നത്. 27 എന്‍.ഒ.സി കോഴ്സിന്റെ ഭാഗമായി എസ്.എസ്.സി(പൈലറ്റ്) ആയിട്ടായിരുന്നു ശിവാംഗിയുടെ പ്രവേശനം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവരെ വൈസ് അഡ്മിറല്‍ എ.കെ ചൗള ഔദ്യോഗികമായി കമ്മീഷന് ചെയ്തത്.
കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്റിന്റെ കീഴില്‍ തന്റെ പരിശീലനം തുടരുകയായിരുന്ന ശിവാംഗിക്ക് ഡിസംബര്‍ 2 മുതല്‍ ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ പറപ്പിക്കാനുള്ള അനുവാദമാണ് ലഭിക്കുക. മുസാഫര്‍നഗറിലെ ഡി.എ.വി സ്കൂളിലാണ് ശിവാംഗി വിദ്യാഭ്യാസം നേടിയത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തദ്ദേശീയമായി ഡോര്‍ണിയര്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചെടുത്തത്. നിരീക്ഷണ റഡാര്‍, ഇലക്ട്രോണിക് സെന്‍സറുകള്‍, നെറ്റ്വര്‍ക്കിങ് ഫീച്ചറുകള്‍ എന്നിവ ഈ വിമാനത്തിലുണ്ട്.
ഇന്ത്യന്‍ സമുദ്രപ്രദേശത്ത് നിരീക്ഷണ ദൗത്യങ്ങള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ വിമാനങ്ങളാണിവ. ഇക്കാര്യത്തില്‍ മറ്റ് വിമാനങ്ങളെ ഡോര്‍ണിയര്‍ 228 വിമാനങ്ങള്‍ കവച്ചുവയ്ക്കും. ഈ വര്‍ഷം മേയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്തും ഇന്ത്യന്‍ വ്യോമ സേനയില്‍ വ്യോമാക്രമണങ്ങള്‍ നടത്താന്‍ യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരുന്നു. മിഗ്-21 ബൈസണ്‍ വിമാനം പറത്താനും അതുപയോഗിച്ച് ആക്രമണം നടത്താനും ഭാവന കാന്തിന് ഇനി കഴിയും.
കുഞ്ഞുനാളില്‍ നാട്ടിലെത്തിയ മന്ത്രി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ കാഴ്ചയാണ് പൈലറ്റ് എന്ന സ്വപ്നം ശിവാംഗിക്ക് സമ്മാനിച്ചത്.
Discussion about this post