തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നേരിട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിനുള്ളില്നിന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരേ കല്ലേറുണ്ടായി. തിരികെ കെ.എസ്.യു. പ്രവര്‍ത്തകരും കല്ലെറിഞ്ഞു. പോലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിതിനടക്കം പരിക്കേറ്റു. തടികഷണം കൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചെന്ന് അഭിജിത് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ ഇപ്പോൾ റോഡ് ഉപരോധിക്കുകയാണ്. കെ എസ യു പ്രവർത്തകരോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു പ്രവര്‍ത്തകനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ കോളേജ് ക്യാമ്പസില്‍ ഒരു കെ എസ് യു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ഇത് അന്വേഷിക്കാനായാണ് കെ.എം. അഭിജിതിന്റെ നേതൃത്വത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനമായി യൂണിവേഴ്സിറ്റി കോളേജിലെത്തിയത്.
Discussion about this post