സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് മുദ്ര 2021 ജനുവരി 15 മുതല്‍ രാജ്യത്ത് നിര്‍ബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവര്‍ഷത്തിനുശേഷം നിബന്ധന നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സില്‍ (ബി.ഐ.എസ്.) രജിസ്റ്റര്‍ ചെയ്യണം. ഇതു ലംഘിച്ചാല്‍ 2018-ല്‍ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവര്‍ഷം തടവും ശിക്ഷ ലഭിക്കാം.
സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് പദ്ധതി 2000 മുതല്‍ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വര്‍ണാഭരണങ്ങളും ഹോള്‍മാര്‍ക്ക് ചെയ്തവയാണ്.രാജ്യത്തെ 234 ജില്ലകളിലായി 877 ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജ്വല്ലറികളില്‍ രജിസ്ട്രേഷനുണ്ട്.
Discussion about this post