തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ഥികളെയും പിന്തുണയും നല്‍കുമെന്ന് വെള്ളാപ്പള്ളി
അമിത് ഷായുമായി വെള്ളാപ്പള്ളിയും തുഷാറും കൂടിക്കാഴ്ച നടത്തി
ഡല്‍ഹി:കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു യോഗ്യരായ സ്ഥാനാര്‍ഥികളെ നല്‍കാനും പിന്തുണയ്ക്കാനും തയാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും വരെ സ്ഥാനാര്‍ഥികളെ തേടി എസ്എന്‍ഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ല.
രാജ്യം ഭരിക്കുന്ന ബിജെപിയോട് എസ്എന്‍ഡിപിക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി ഒരു പ്രമുഖദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വാജ്പേയി സര്‍ക്കാരിന്റെ കാലത്തും ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിലായിരുന്നു. എസ്എന്‍ഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കിയില്ലെങ്കിലും യോഗ നേതൃനിരയിലുള്ളവര്‍ സമുദായ താല്പര്യം സംരക്ഷിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ പ്രശ്നാധിഷ്ഠിത പിന്തുണ നല്കുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് ആര്.ശങ്കറിന്റെ പ്രതിമ അനാഛാദനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനുമായി ഡല്‍ഹിയിലെത്തിയതായിരുന്നു വെള്ളാപ്പള്ളി നടേശന്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനു അന്ത്യോപചാരമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി പോയതിനാല്‍ ചര്‍ച്ച മാറ്റി വച്ചു. ഇന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തില്‍ എസ്എന്‍ഡിപി നേതൃത്വവുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എസ്എന്‍ഡിപിയില്‍ നിന്നു നേതാക്കളെ ഉള്‍ക്കൊള്ളാനാണു ബിജെപിക്കു താല്പര്യമെങ്കിലും എസ്എന്‍ഡിപിയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സഖ്യമുണ്ടാക്കാനും ബിജെപി തയാറാണെന്നാണ് സൂചന.
Discussion about this post