മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരുന്നതിന് കാരണം ബിജെപിയുടെ അഭിമാനം വിട്ടുവീഴ്ച ചെയ്ത് അധികാരത്തില്‍ തുടരാനില്ല എന്ന നിലപാടെന്ന് വിലയിരുത്തല്‍. ബിജെപി സര്‍ക്കാരിനെ പിന്തുണക്കാന്‍ എന്‍സിപി ഒരു ഘട്ടത്തില്‍ തയ്യാറായിരുന്നു. എന്നാല്‍ പിന്തുണ നല്കണമെങ്കില് രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ ആവശ്യം ശരത് പവാര്‍ മുന്നോട്ട് വച്ചു എന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ മോദിയും അമിത് ഷായും ഈ രണ്ട് ആവശ്യങ്ങളും തള്ളിക്കളഞ്ഞു. അധികാരം നിലനിര്‍ത്താന്‍ ആത്മാഭിമാനം പണയം വെക്കാനില്ല എന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ശരത് പവാറും എന്‍സിപിയും ബിജെപിയ്ക്ക് മുന്നില്‍ വച്ച് രണ്ട് ആവശ്യങ്ങള്‍ ഇവയാണ്.
1- ദേവേന്ദ്ര ഫഡ്നാവിസിന് പകരം മറ്റൊരു നേതാവിനെ ബിജെപി മുഖ്യമന്ത്രിയാക്കണം
അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ച ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കാമെന്നായിരുന്നു എന്‍സിപിയുടെ ആവശ്യം. എന്നാല്‍ അത്തരമൊരു ഉപാധി ഒരു സഖ്യകക്ഷിക്ക് മുന്നോട്ട് വെക്കാനാവില്ലെന്ന് അമിത് ഷായും നരേന്ദ്രമോദിയും നിലപാട് എടുത്തു. ആര് മുഖ്യമന്ത്രിയാകണം എന്ന് തീരുമാനമെടുക്കാനുള്ള അവകാശം ബിജെപിയ്ക്കാണ്. അതില്‍ മറ്റാര്‍ക്കും ഇടപെടാനാവില്ല. എന്‍ഡിഎയ്ക്ക് മഹാരാഷ്ട്ര ഭരിക്കാനുള്ള മാന്‍ഡേറ്റ് ആണ് നല്‍കിയത്. ശിവസേനയുടെ അധികാരമോഹവും വഞ്ചനയും മൂലമാണ് അത് നടക്കാതെ പോയത്. ഫഡ്നാവിസിനുള്ള അംഗീകാരം കൂടിയായിരുന്നു ജനവിധി. അതിനാല്‍ ഫഡ്നാവിസിനെ മാറ്റാനാവില്ല എന്ന് അമിത് ഷാ നിലപാട് എടുത്തു. മോദിയ്ക്കും ഇതേ നിലപാട് തന്നെയായിരുന്നു.
2- സുപ്രിയ സുലേയെ കേന്ദ്ര കൃഷിമന്ത്രിയാക്കണം
ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബിജെപി നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനവകുപ്പുകളിലൊന്നായ കൃഷി വകുപ്പ് തന്നെ വേണമെന്ന് ശരത് പവാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപി ഈ ആവശ്യം പൂര്‍ണമായും നിരാകരിച്ചു. ജെഡിയു പോലുള്ള പ്രധാന കക്ഷികള്‍ക്ക് കൃഷി വകുപ്പില്‍ നോട്ടമുണ്ടായിരുന്നു. എന്നാല്‍ സുപ്രധാന വകുപ്പ് മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല എന്നായിരുന്നു എക്കാലത്തും ബിജെപി സ്വീകരിച്ച നിലപാട്. സ്വഭാവികമായും ഇക്കാര്യം ശരത് പവാറിനെ അറിയിക്കുകയും ചെയ്തു.
ഈ രണ്ട് ആവശ്യങ്ങളും ബിജെപി തള്ളിയതോടെ അജിത് പവാറിനെ മുന്‍നിര്‍ത്തി വീണ്ടുമൊരു വിലപേശല്‍ സാധ്യത ശരത് പവാര്‍ നടത്തി. ഫഡ്നാവിസ് അജിത് പവാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഇതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അമിത് ഷാ വഴങ്ങാത്തതോടെ അജിത് പവാറിന് പിന്തുണയില്ല എന്ന നിലപാട് ഉയര്‍ത്തി ശരത്പവാര്‍ മറുകണ്ടം ചാടുകയായിരുന്നു. ശരത് പവാറിന്റെ ആശീര്‍വ്വാദത്തോടെയാണ് അജിത് പവാര്‍ ഫഡ്നാവിസ് മന്ത്രിസഭയില്‍ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും രണ്ട് ആവശ്യങ്ങളും ബിജെപി നിരാകരിച്ചതോടെ ശിവസേനയ്ക്ക് പിന്തുണ നല്കാന് എന്‍സിപി തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post