മഹാരാഷ്ട്രയില്‍ ശിവസേനയെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് സമ്മതിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. 1960 കളില്‍ ട്രേഡ് യൂണിയനുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ശിവസേനയെ സൃഷ്ടിച്ചതെന്നാണ് ജയറാം രമേശ് പറയുന്നത്. കോണ്‍ഗ്രസും ശിവസേനയും പത്യയശാസ്ത്ര എതിരാളികളെപ്പോലെയാണെങ്കിലും രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് ശിവസേന ജന്മമെടുത്തതിന് പിന്നിലെന്ന് ഓര്‍ക്കണമെന്ന് ജയറാം രമേശ് പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ പരിപാടിയിലായിരുന്നു ജയറാം രമേശിന്റെ വാക്കുകള്‍.
അക്കാലത്ത് മുംബൈ നഗരം ഭരിച്ചിരുന്ന ഇടത് ട്രേഡ് യൂണിയനുകളെ പ്രതിരോധിക്കാനാണ് 1960 കളില്‍ കോണ്‍ഗ്രസ് ശിവസേന സൃഷ്ടിച്ചതെന്ന് ഇന്ത്യാ ടുഡേ ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘ഞങ്ങള്‍ ശിവസേനയുടെ പ്രത്യയശാസ്ത്ര എതിരാളികളായിരുന്നു, പക്ഷേ 1967 ല്‍ മറക്കരുത്. മുംബൈയില്‍ എ ഐ ടി യു സി യുടെയും സിഐടിയുവിന്റെയും കുത്തകയെ തകര്‍ക്കാന്‍ ശിവസേനയുടെ സൃഷ്ടിക്ക് ഉത്തരവാദികളായത് എസ് കെ പാട്ടീല്‍, വി പി നായിക് എന്നിവരാണ് ‘ജയറാം രമേശ് പറഞ്ഞു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എസ് കെ പാട്ടീല്‍ മൂന്നുതവണ ബോംബെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്. ബോംബെയിലെ കിരീടമില്ലാത്ത രാജാവ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1963 മുതല്‍ 1975 വരെ വിപി നായിക്മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. ശിവസേനയുടെ സ്ഥാപനത്തിലും രൂപവത്കരണ കാലത്തും മുംബൈയെ നിയന്ത്രിച്ചിരുന്നത് എസ് കെ പാട്ടീലും വി പി നായിക്കും ആയിരുന്നു.
1980 ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അബ്ദുള്‍ റഹ്മാന് ആന്റുലിനെ അനുകൂലിച്ച് രംഗത്തെത്തിയ ആദ്യത്തെ നേതാവ് ബാല്‍ താക്കറെയായിരുന്നുവെന്ന് മറക്കരുതെന്നും, പ്രസിഡണ്ട് പദവിയിലേക്ക് പ്രതിഭ പാട്ടീലിനെ പിന്തുണയ്ക്കുന്നതിനായി എന്‍ഡിഎ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.’ഇരുവശത്തും പ്രായോഗികത ഒരു പരിധിവരെ ഉണ്ടായിട്ടുണ്ട്. ഇന്ന് നമുക്ക് പൊതുവായ ഒരു ശത്രു ഉണ്ടെന്നുള്ളതാണ് കാര്യമെന്നും ജയറാം രമേശ് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കാനായി മറാത്ത വാദമുന്നയിക്കുന്ന ശിവസേനയെ സൃഷ്ടിച്ചത് കോണ്‍ഗ്രസ് ആണെന്ന വിമര്‍ശനം നേരത്തെ പല എഴുത്തുകാരും, രാഷ്ട്രീയ നിരൂപകരും ഉന്നയിച്ചിരുന്നു. ശിവസേനയുടെ നിയമലംഘനങ്ങള്‍ അന്നെല്ലാം കോണ്‍ഗ്രസ് നോക്കി നിന്നത് അത് കൊണ്ടാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. രാഷ്ട്രീയ പരിസരങ്ങളില്‍ പലപ്പോഴായി ഈ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ അവരെ പിന്തുണക്കുന്ന ബുദ്ധിജീവികളോ ഇത് അംഗീകരിച്ചില്ല. ഇപ്പോള്‍ ഇതാദ്യമായാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇതെല്ലാം സമ്മതിച്ച് രംഗത്തെത്തുന്നത്.
അക്കാലത്ത് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനുള്ള ഒരേയൊരു രാഷ്ട്രീയ വെല്ലുവിളിയായിരുന്നു. കോണ്‍ഗ്രസിന് ധനസഹായം നല്കിയ ബിസിനസുകാരും കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ തകര്‍ന്ന് കാണാന്‍ ആഗ്രഹിച്ചു, കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത ട്രേഡ് യൂണിയനുകള്‍ പോലും ഇവയെ തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ശിവസേനക്കായി കരുക്കള്‍ നീക്കിയത്. 1980 കളുടെ അവസാനം വരെ ശിവസേനയെ രഹസ്യമായി കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിച്ചേല്പിച്ച അടിയന്തരാവസ്ഥയെ ബാല്‍ താക്കറെ പിന്തുണച്ചിരുന്നു. 1977 ല്‍ മുംബൈ മേയറായി (അന്നത്തെ ബോംബെ) തിരഞ്ഞെടുക്കപ്പെടാന്‍ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച മുര്‍ലി ദിയോറയെ ബാല്‍ താക്കറെ സഹായിച്ചു.
1980 ല്‍ ജനതാ പാര്‍ട്ടി പരീക്ഷണകാലത്ത് ബാല്‍ താക്കറെയുടെ ശിവസേന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.
1984 ലെ തിരഞ്ഞെടുപ്പിനായി അനൗപചാരിക കൂട്ടുകെട്ടിന് ശേഷമാണ് 1989 ല്‍ ശിവസേന- ബിജെപി സഖ്യം ഉണ്ടായത്. 2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നോമിനിയായ പ്രതിഭ പാട്ടീലിനെ പിന്തുണയ്ക്കുന്നതില്‍ ബിജെപിസഖ്യം ശിവസേനയ്ക്ക് തടസ്സമായില്ല.
Discussion about this post