ലണ്ടന്‍: ബ്രിട്ടനിലെ ലണ്ടന്‍ ബ്രിഡ്ജിനുമുകളില് കഴിഞ്ഞദിവസം രണ്ടുപേരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഉസ്മാന് ഖാന് കശ്മീരില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായി സ്ഥിരീകരണം. ഇയാള്‍ പ്രതിയായ 1990-ലെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഭീകരാക്രമണക്കേസിന്റെ വിധിപ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലന് വില്കി ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്.
പാക് അധീന കശ്മീരില്‍ മദ്രസപരിശീലനവും പ്രവര്‍ത്തനപരിചയവുമുള്ള ഉസ്മാന്‍ഖാനും കൂട്ടാളി നസാന് ഹുസൈനും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടിരുന്നെന്നും ഇവര്‍ യു.കെ.യില്‍ തിരിച്ചെത്തി ആക്രമണം നടത്താനിടയുണ്ടെന്നുമാണ് 2012-ലെ വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടിയത്. ‘ആപത്കാരിയായ ജിഹാദി’ എന്നാണ് ഇയാളെ കോടതി വിശേഷിപ്പിച്ചത്.
പിഒകെയില്‍ മദ്രസകളുടെ മറവില്‍ ഭീകരവാദക്യാമ്പുകളുണ്ടാക്കാനും അതിലേക്ക് പണമെത്തിക്കാനും ഉസ്മാന്ഖാന് പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.കെ.യില്‍ ജനിച്ച ഉസ്മാന്ഖാന് കൗമാരകാലം ചിലവഴിച്ചത് അമ്മയോടൊപ്പം പാകിസ്ഥാനിലായിരുന്നു.
അവിടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് ലണ്ടനില്‍ തിരിച്ചെത്തിയ ഇയാള്‍ ഇന്റര്‍നെറ്റ് വഴിയായിരുന്നു ഭീകരവാദം വളര്‍ത്താന്‍ ശ്രമിച്ചത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കേസില്‍ 16 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍, 2018-ലാണ് പരോളില്‍ പുറത്തിറങ്ങിയത്. 2010-ല്‍ ലണ്ടനില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയകേസിലും ഒമ്പതുപേര്‍ക്കൊപ്പം പ്രതിയായി.
ലണ്ടന്‍ ബ്രിഡ്ജില്‍ കഴിഞ്ഞദിവസം ഭീകരാക്രമണം നടത്തിയ ഉസ്മാന്ഖാന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംഘടന വെളിപ്പെടുത്തി. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയായ ‘അമാഖി’ലാണ് ഐ.എസ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രസ്താവനയിറക്കിയത്.
Discussion about this post