ഡല്‍ഹി: അയോധ്യക്കേസില്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജവ് ധവാനെ പുനപരിശോധനാ ഹര്‍ജി വാദിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. അയോധ്യാ വിധിക്കെതിരെ ജാമിയത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ അഭിഭാഷകന് രാജീവ് ധവാന് പകരം മറ്റൊരു അഭിഭാഷകനാണ് ഹാജരാവുക. അനാരോഗ്യം കാരണമാണ് ഒഴിവാക്കിയതെന്നാണ് ജമിയത് ഉലമ ഇ ഹിന്ദ് നല്കിയ വിശദീകരണം. എന്നാല്‍ തനിക്ക് അനാരോഗ്യമൊന്നും ഇല്ലെന്ന് രാജീവ് ധവാന് തന്നെ വ്യക്തമായതോടെ ആ കള്ളം പൊളിഞ്ഞു.
രാജീവ് ധവാന് തന്നെയാണ് തന്നെ ഒഴിവാക്കിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്നെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പറയുന്ന വിശദീകരണം തെറ്റാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് അനാരോഗ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യയിരെ രാമജന്മഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിന് അനുമതി നല്കിയ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീംകോടതിയില്‍ ആദ്യ പുനഃപരിശോധനാ ഹര്‍ജി തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജാമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹര്ജിക്കാരന്.
അഖിലേന്ത്യാ മുസ്ലിംവ്യക്തിനിയമബോര്ഡും വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, കേസിലെ മുഖ്യകക്ഷികളിലൊന്നായ യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ കോടതി വിധി വന്നതിന് ശേഷം മുസ്ലീങ്ങളല്ല ഹിന്ദുക്കളാണ് തീവ്രവാദികള്‍ എന്ന് വ്യക്തമായി എന്ന് രാജീവ് ധവാന് പറഞ്ഞത് വിവാദമായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ധവാന് പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തി. താന്‍ ഉദ്ദേശിച്ചത് സംഘപരിവാറിനെ ആണെന്നായിരുന്നു രാജീവ് ധവാന്റെ നിലപാട് മാറ്റം.
Discussion about this post