തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരില്‍ 3 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങാനൊരുങ്ങി കേരള പൊലീസ്. ജപ്പാന് കമ്പനിയുടെ കാറാണു ടെന്‍ഡര്‍ വിളിക്കാതെ വാങ്ങുന്നത്. ഒന്നരക്കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണു കാറുകള്‍ വാങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കം വിവാദമായിരിക്കെയാണ് പുതിയ തീരുമാനം.
4 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. 2 ടാറ്റാ സഫാരിയും 2 മിത്സുബിഷി പജേറോയും. കഴിഞ്ഞ വര്‍ഷമാണ് 1.10 കോടി ചെലവില്‍ 2 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയത്. ടെന്‍ഡറില്ലാതെ ഇവ വാങ്ങാന്‍ 30% തുക മുന്‍കൂറായി നല്കിയ ഡിജിപിയുടെ നടപടിയില്‍ ആഭ്യന്തര വകുപ്പു വിശദീകരണം തേടിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാനാകില്ലെന്നായിരുന്നു മറുപടി.
ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി പറഞ്ഞാണു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആകാശസഞ്ചാരത്തിനു വേണ്ടിയാണിതെന്നു പൊലീസ് ഉന്നതങ്ങളില്‍ തന്നെ സംസാരമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെയും മാവോയിസ്റ്റുകളുടെയും പേരില്‍ വാടകയ്ക്കെടുത്താല്‍ പ്രശ്നമില്ലെന്നാണു സര്‍ക്കാരിനു കിട്ടിയ ഉപദേശം. മുന്‍പു കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള പൊലീസ് നീക്കം വിവാദമായപ്പോള്‍ ഉപേക്ഷിച്ചിരുന്നു. പ്രളയസമയത്തും രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പൊലീസ് ഈ നീക്കം നടത്തി.
അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി 365 ദിവസവും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. ആവശ്യമുള്ളപ്പോള്‍ ദിവസ വാടകയ്ക്ക് ഇതു ലഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണു മാസം 1.44 കോടി രൂപ വാടക നല്‍കിയുള്ള ധൂര്‍ത്ത്. മാസം 20 മണിക്കൂര്‍ പറപ്പിക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപ വീതം നല്‍കണം. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതു വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവു രഹസ്യമായി വയ്ക്കാന്‍ ആഭ്യന്തര വകുപ്പിനു സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Discussion about this post