വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളിതാരം സഞ്ജു സാംസൺ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണർ ആയേക്കുമെന്നു സൂചന. ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതിനാൽ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
കേരളത്തിനു വേണ്ടിയും ഐപിഎല്ലിൽ രാജസ്ഥാൻ, ഡൽഹി ടീമുകൾക്കു വേണ്ടിയും സഞ്ജു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവൻ തിരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിക്കറ്റ് കീപ്പർ എന്നുള്ള അധിക യോഗ്യതയും സഞ്ജുവിനുണ്ടെന്നും ജയേഷ് പറഞ്ഞു. ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്നു സഞ്ജു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ബംഗ്ലദേശിനെതിരായ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദിൽ നടക്കും. 2–ാം മത്സരം 8നു തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ്.
Discussion about this post