പശ്ചിമബംഗാള്‍ നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞുനിര്‍ത്തി. പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ക്കര്‍ ആരോപിച്ചു. ഇത് ലജ്ജാകരമാണെന്നും ജനാധിപത്യം ഈ രീതിയിലല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു.നിയമസഭയുടെ മൂന്നാം നമ്പര്‍ ഗേറ്റിലാണ് ഗവര്‍ണറെ തടഞ്ഞുനിര്‍ത്തിയത്. വിഐപികള്‍ക്ക് പോകാനായി ഉപയോഗിക്കുന്ന ഗേറ്റാണിത്. സാധാരണക്കാര്‍ക്ക് കടന്നുപോകാന്‍ അനുവദിക്കുന്ന ഗേറ്റ് നമ്പര്‍ നാലിലൂടെ പോകാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ട്.
പ്രോട്ടോക്കോള്‍ അനുസരിച്ച് ഗേറ്റ് നമ്പര്‍ മൂന്നിലൂടെ പോകാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നു. എന്തുകൊണ്ട് ഗേറ്റ് തനിക്ക് മുമ്പില്‍ അടച്ചിട്ടു?. നിയമസഭ ചേരുന്നത് രണ്ടുദിവസം നിര്‍ത്തിവെച്ചു എന്നതിന് നിയമസഭ ഗേറ്റ് അടക്കുമെന്ന് അര്‍ത്ഥമില്ല. ഇത് ലജ്ജാകരമായ നടപടിയാണ്.
നിയമസഭ ചേരുന്നത് രണ്ടുദിവസം നിര്‍ത്തിവെച്ചതിനെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച നിയമസഭ സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭയുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുളള സന്ദര്‍ശനത്തിനിടെയാണ്, ഗേറ്റില്‍ ഗവര്‍ണറെ തടഞ്ഞത്.
Discussion about this post