ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കറ ഝാങ്വി മുതിര്‍ന്ന നേതാവ് മാലിക് ഇസ്ഹാഖ് കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ മുസാഫറാ ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാലിക്കിനൊപ്പം 13 തീവ്രവാദികളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. എഴുപതോളം പേരെ കൊലപ്പെടുത്തിയ കേസുകള്‍ മാലിക്കിന്റെ പേരിലുണ്ട്. 2009ല്‍ ലഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണത്തിനു പിന്നിലും മാലിക്കായിരുന്നു. 2013ല്‍ പാക്കിസ്ഥാന് നഗരമായ ക്വേട്ടയില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 200 ഓളം പേരെ കൊലപ്പെടുത്തിയതിനു പിന്നിലും മാലിക്കാണ്.
പാകിസ്താനില്‍ ഷിയാ സമുദായത്തിനെതിരെ മാലിക്കിന്റെ നേതൃത്വത്തില്‍ വ്യാപകമായി അക്രമം നടന്നിരുന്നു. ഏറ്റുമുട്ടലില്‍ മാലിക്കിന്റെ രണ്ട് ആണ്മക്കളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ലഷ്കറെ ഝാങ്വി നേതാവ് റസൂല്‍ ഷായും മരിച്ചവരില്‍ ഒരാളാണ്.
Discussion about this post