തിരുവനന്തപുരം അട്ടക്കുളങ്ങര ബുഹാരി ഹോട്ടലില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളടക്കം 9 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ കോര്പറേഷന് ആരോഗ്യവിഭാഗം അധികൃതരെത്തി അടപ്പിച്ചു.
ഇന്ന് രാവിലെ ബുഹാരി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേരാണ് ഭക്ഷ്യവിഷബാധയുണ്ടായി ആശുപത്രിയിലായിരിക്കുന്നത്. ഹോട്ടലില്‍ വിളമ്പിയ ഭക്ഷണം ആദ്യം കഴിച്ച കുട്ടികള്‍ അവിടെ വച്ചു തന്നെ ഛര്‍ദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ചിക്കനില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പറയുന്നു.
കുട്ടികള്‍ക്ക് വയ്യാതായതോടെ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഹോട്ടലില്‍ വച്ചു തന്നെ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന മറ്റു ഭക്ഷണസാധനങ്ങളെല്ലാം ഹോട്ടലുകാര്‍ മാറ്റിയതായി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറയുന്നു. ഇതിനൊക്കെ ശേഷമാണ് ആരോഗ്യവിഭാഗം അധികൃതര്‍ ഹോട്ടലില്‍ എത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തത്.
നേരത്തേയും പലവട്ടം വൃത്തിഹീനമായ ഭക്ഷണം വിളമ്പി കുപ്രസിദ്ധി നേടിയ ഈ ഹോട്ടലാണ് തിരുവനന്തപുരം കിഴക്കേക്കോട്ടയ്ക്ക് അടുത്ത് അട്ടക്കുളങ്ങര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടല്‍.
Discussion about this post