കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.6 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരില്‍ നിന്നുമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം വിവരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.34 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തും പിടിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൂടിയ അളവില്‍ ഒരുമിച്ച് എത്തിക്കാനാണ് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ ഇത്തരത്തില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കൊണ്ട് വരുന്നതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്തിയ സംഭവങ്ങളും നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post