ഭുബനേശ്വർ: പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് പുതിയ മാനങ്ങൾ പകരുന്ന ഭുബനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ പദ്ധതി സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അരക്കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നൽകുന്നവർക്ക് ഒരു പൊതി ഭക്ഷണം നൽകുന്നതാണ് ഈ പദ്ധതി.
സംസ്ഥാന സർക്കാരിന്റെ ‘ആഹാർ‘ പദ്ധതിയും ഐക്യരാഷ്ട്ര മാനദണ്ഡങ്ങളും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭുബനേശ്വർ നഗരത്തിലെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ‘ആഹാർ‘ കേന്ദ്രങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ മാത്രം ഇത്തരത്തിലുള്ള 11 കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. ഇവിടങ്ങളിൽ ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ കൃത്യമായി എത്തിച്ച് സംസ്കരിക്കുന്നു.
മാലിന്യ നിർമ്മാർജ്ജനവും ഭക്ഷ്യ സുരക്ഷയും ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post