കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ ദൃശ്യങ്ങള്‍ ദിലീപടക്കുള്ള പ്രതികളെ കാണിച്ചു. വിചാരണക്കോടതിയിലെ അടച്ചിട്ട മുറിയില്‍ കര്‍ശന സുരക്ഷയിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയത്.
ദിലീപടക്കം ആറ് പ്രതികള്‍ക്കാണ് കേസിലെ തെളിവായ ദൃശ്യങ്ങള്‍ കാണാന്‍ അനുമതി ലഭിച്ചിരുന്നത്. ദിലീപിന് പുറമെ പള്‍സര്‍ സുനി, മാര്ട്ടിന്, മണികണ്ഠന്, വിജേഷ്, സനല്‍കുമാര്‍ എന്നിവരാണ് കോടതി അനുമതിയോടെ ദൃശ്യങ്ങള്‍ കണ്ടത്.
സുപ്രിംകോടതി ഉത്തരവ് പ്രകാരം ദിലീപ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധനെ നിയോഗിച്ചിരുന്നു. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും മാത്രമാണ് അടച്ചിട്ട കോടതി മുറിയില്‍ പ്രവേശിച്ചത്. ദേഹ പരിശോധനയ്ക്ക് ശേഷമാണ് എല്ലാവര്ക്കും പ്രവേശനം അനുവദിച്ചത്.
മറ്റ് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് എത്തിയില്ല. പകരം പ്രത്യേക അനുമതി തേടിയ ദിലീപ് വൈകിട്ട് അഭിഭാഷകനും വിദഗ്ധനുമൊപ്പമാണ് ദൃശ്യങ്ങള്‍ കണ്ടത്. തെളിവിന്റെ അസ്സല് പകര്‍പ്പിലെ സുപ്രിംകോടതി നിര്‍ദേശിച്ച ഭാഗം മാത്രമാണ് പ്രതികളെ കാണിച്ചത്.
Discussion about this post