മുംബയ്: യാക്കൂബ് മേമനെ പിന്തുണച്ച് സംസാരിച്ചവര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ശിവസേന. മേമനോട് ദാക്ഷിണ്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന ആരോപിച്ചു.
മേമനോട് കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് അന്‍പതോളം പേര് കത്തെഴുതിയിരുന്നു. ഇവര്‍ക്ക് ആര്‍ക്കും മുംബയ് ആക്രമണത്തില്‍ ആരെയും നഷ്ടപ്പെട്ടിട്ടില്ല. അതിനാലാണ് ദാക്ഷിണ്യത്തിന് വേണ്ടി അപേക്ഷിച്ചത്. എന്നാല്‍ രാജ്യത്തിന്റെ വികാരത്തിന് പ്രാധാന്യം നല്കിയ രാഷ്ട്രപതിയും സുപ്രീം കോടതിയും അവരുടെ വാക്കുകള്‍ ചെവിക്കൊള്ളാതെ തള്ളിക്കളഞ്ഞു. മേമനോട് ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ്- ലേഖനം പറയുന്നു.
മേമന് ഉള്‍പ്പെട്ട സ്ഫോടനക്കേസിലെ എല്ലാ ഗൂഢാലോചനക്കാരേയും സൂത്രധാരന്മാരായ ടൈഗര്‍ മേമന്, ദാവൂദ് ഇബ്രാഹീം എന്നിവരേയും രാജ്യത്തെത്തിച്ച് ശിക്ഷ നടപ്പിലാക്കിയാലേ 1993 ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാവിന് ശാന്തിയുണ്ടാകൂ എന്നും ശിവസേന പറഞ്ഞു.
മേമനെ തൂക്കിലേറ്റി, ഇനി അയാളെ ജനങ്ങളുടെ മുന്നില്‍ നിരപരാധിയോ രക്തസാക്ഷിയോ ആക്കാന്‍ അനുവദിക്കരുത്. ഇതിനു വേണ്ട കര്‍ശനമായ നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കണമെന്ന് സേന ആവശ്യപ്പെട്ടു. യാക്കൂബ് ആദ്യം പാക്കിസ്ഥാനിലേക്ക് ഓടിപോയെങ്കിലും പിന്നീട് തിരികെയെത്തി. അയാള്‍ തിരികെ വന്നു കരുതി അയാളോട് ദയ കാണിക്കേണ്ട കാര്യമെന്താണ്? മേമനെതിരെ ശക്തമായ തെളിവുണ്ടായിരുന്നെന്നും അയാളുടെ അഭിഭാഷകന് അയാളെ രക്ഷിക്കാന്‍ ഏറെ ശ്രമിച്ചെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Discussion about this post