മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടിനെതിരെ ശിവസേനയ്ക്കുള്ളില്‍ പൊട്ടിത്തെറി. ഉദ്ധവ് താക്കറെയുടെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ശിവസേന എംപി ഹേമന്ത് താക്കറെ രംഗത്തെത്തി. ഞാന്‍ സിഎഎയെ പിന്തുണക്കുന്ന റാലിയില്‍ പങ്കെടുത്തിരുന്നില്ല. ചില യോഗങ്ങളില്‍ പങ്കെടുക്കാനുള്ളത് കൊണ്ടായിരുന്നു അത്. പങ്കെടുക്കാതിരുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു”-ഹേമന്ത് പറഞ്ഞു. താന്‍ ലോകസഭയില്‍ സിഎബിയെ അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല ഭരണകൂടത്തിന് അയച്ച കത്തിലാണ് താന്‍ പങ്കെടുക്കാതിരുന്നത് സിഎബിയേയും, എന്‍ആര്‍സിയേയും എതിര്‍ക്കുന്നത് കൊണ്ടല്ലെന്ന് ശിവസേന എംപി വ്യക്തമാക്കിയത്.
”ശിവസേന ഒരു ഹിന്ദുത്വ പാര്‍ട്ടിയാണ്. ഈ രണ്ട് തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്നു”-ഹേമന്ത് എഴുതുന്നു.|ഒരു മാസം മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിയുന്നതിനെ സ്വാഗതം ചെയ്ത് ഹേമന്ത് പട്ടീല്‍ രംഗത്തെത്തിയിരുന്നു. ഹേമന്തിന്റെ അതേ നിലപാട് സിഎബി, എന്‍ആര്‍സി ബില്‍ വിഷയങ്ങളില്‍ ഉള്ള നിരവധി പേര് ശിവസേനയിലുണ്ട്. അടുത്ത് തന്നെ അവര്‍ നിലപാട് പരസ്യമായി രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കാലവും ഹിന്ദുത്വ വാദം ഉയര്‍ത്തിയ പാര്‍ട്ടി മതേതര മുഖം സ്വീകരിക്കുന്നത് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം.
പൗരത്വ നിയമഭേദഗതി ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം മതനേതാക്കളെ കണ്ട് മുഖ്യമന്ത്രി അവരുടെ ആശങ്കകള്‍ കേള്‍ക്കുകയും കേന്ദ്രത്തെ അത് അറിയിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടവറകള്‍ക്കായി ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ നടപടിക്രമങ്ങള്‍ ഉദ്ദവ് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയുടെ ആമുഖം തന്നെ മതനിരപേക്ഷതയായതിനാല്‍ മൃദുനിലപാടല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് ഉദ്ദവ് താക്കറെ പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കുന്നത്.
താക്കറെയെന്ന പേരുമാത്രമേ ഉദ്ദവിനൊപ്പമുള്ളൂ എന്നും ബാല്‍താക്കറെയുടെ വീര്യം ഉദ്ദവിനില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇത് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. അണികളില്‍ വലിയൊരു വിഭാഗം ഉദ്ധവ് താക്കറെയുടെ നിലപാടില്‍ അതൃപ്തരാണ്. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന ഹിന്ദുത്വ അനുകൂലമായ മറ്റ് ചില തീരുമാനങ്ങളിലും എതിര്‍പ്പ് സ്വീകരിക്കേണ്ടി വന്നാല്‍ ശിവസേനയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി അണികളിലെ അതൃപ്തി മുതലെടുക്കാന്‍ ബിജെപിയ്ക്ക് കഴിയുമെന്നതും ശിവസേന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post