പാകിസ്ഥാന് ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയയ്ക്കു മതത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്ന സംഭവത്തില്‍ താരത്തിന് പിന്തുണയുമായി ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനും രംഗത്തെത്തി. മതത്തിന്റെ അടിസ്ഥാനത്തില്‍ താരത്തിനു വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നു മുരളീധരന് പറഞ്ഞു. കായിക രംഗത്ത് അത്തരം വിവേചനങ്ങള്‍ക്കു സ്ഥാനമില്ല. ഇങ്ങനെയൊരു കാര്യം ശ്രീലങ്കയില്‍ ഒരിക്കലും നടക്കില്ല.
ഇന്ത്യയിലും ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. ശ്രീലങ്കയില്‍ എയ്ഞ്ചലോ മാത്യൂസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. മതത്തെയും കായിക മത്സരത്തേയും കലര്‍ത്താന്‍ ശ്രമിക്കരുതെന്നും മുരളീധരന് പറഞ്ഞു. ഒരുമിച്ചു കളിച്ചിരുന്ന കാലത്ത് ഹിന്ദു മതവിശ്വാസിയായതിന്റെ പേരില്‍ ഡാനിഷ് കനേരിയ വിവേചനം നേരിട്ടിരുന്നതായി പാക്കിസ്ഥാന് മുന്‍ പേസര്‍ ഷുഹൈബ് അക്തറാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം ഡാനിഷ് കനേരിയ തന്നെ പിന്നീട് സ്ഥിരീകരിച്ചു.
തന്നോടു മോശമായി പെരുമാറിയ പാക്കിസ്ഥാന് ക്രിക്കറ്റ് താരങ്ങളുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും കനേരിയ അറിയിച്ചിട്ടുണ്ട്. തനിക്കുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും താരം അഭ്യര്‍ഥിച്ചു.
Discussion about this post