കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് വിടുതല്‍ ഹര്‍ജി നല്കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ആ പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്ക്കില്ലെന്ന്ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇപ്പോള്‍ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം വിടുതല്‍ ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും.
Discussion about this post