ബെംഗളൂരു: വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട ഷോപ്പുകള്‍, തുടങ്ങിയവയില്‍ സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാന്‍ അനുമതി നല്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഷോപ്സ് ആന്റ് കമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം. ഭേദഗതിയ്ക്ക് തിങ്കഴാഴ്ച്ച മന്ത്രിസഭ അംഗീകാരം നല്കി. ഇതു സംബന്ധിച്ച ബില്‍ അടുത്ത ദിവസം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി പറഞ്ഞു.
നഗരത്തിലെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, തിയറ്ററുകള്‍ തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും. വനിതാ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന നിബന്ധനയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത് പ്രകാരം വനിതാജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം.
കൂടാതെ വാഹനത്തില്‍ ജിപിഎസ് സൗകര്യവുമുണ്ടായിരിക്കണം. ഷിഫ്റ്റ് ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കണം. ചെറിയ കുഞ്ഞുങ്ങളുള്ളവര്‍ക്കായി ഓഫീസുകളില്‍ ക്രെഷ് സംവിധാനം ഏര്‍പ്പെടുത്തണം. കൂടാതെ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.
Discussion about this post