ഇറാഖിലെ അമേരിക്കന്‍ എംബസി പ്രക്ഷോഭകര്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ സൈനികരെ ഇറാഖിലേക്ക് അയക്കുമെന്ന് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയുള്ള ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 750 സൈനികരെയാണ് ബഗ്ദാദില്‍ കൂടുതലായി വിന്യസിക്കുകയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് അറിയിച്ചു.
ലോകത്തെവിടെയുമുള്ള അമേരിക്കക്കാരെയും അമേരിക്കയുടെ താല്പര്യങ്ങളെയും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എസ്പര് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ഇറാഖി പ്രക്ഷോഭകര്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസി ആക്രമിച്ചിരുന്നു.
ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയുടെ ചുറ്റുമതില്‍ കടന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍ എംബസിക്കു നേരേ കല്ലെറിയുകയും നിരീക്ഷണ ക്യാമറകള്‍ പിഴുതെടുക്കുകയും ചെയ്തു. സുരക്ഷാ ഭീഷണി പരിഗണിച്ച് സ്ഥാനപതിയെയും മറ്റ് ഉദ്യോഗസ്ഥരെയും നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇറാന് പിന്തുണയുള്ള ഷിയാ സംഘടനയായ ഹാഷിദ് അല്‍ ഷാബിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post