ഡല്‍ഹി: ‘ചന്ദ്രയാന്‍ 2’ ബഹിരാകാശ ദൗത്യം പരാജയമായതിനെ തുടര്‍ന്ന് കണ്ണുനീരണിഞ്ഞ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്ലേഷിച്ചപ്പോള്‍ വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തി ഇസ്രോ മേധാവി കെ.ശിവന്. തന്റെ മനസ്സില്‍ അപ്പോള്‍ എന്താണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കൃത്യമായി മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് പ്രധാനമന്ത്രി എന്നെ കെട്ടിപിടിച്ചത്. എന്റെ മനസില്‍ അപ്പോള്‍ എന്തായിരുന്നു എന്ന് അദ്ദേഹം കൃത്യമായി മനസിലാക്കി. നേതൃപാടവമാണ് അപ്പോള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. ആ ആശ്ലേഷം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. പ്രധാനമന്ത്രി തന്നെ എന്നെ ആശ്ലേഷിച്ചത് വലിയൊരു കാര്യമാണ്. അത് ഞങ്ങള്‍ക്കെല്ലാം വലിയ ആശ്വാസമാണ് നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള മനോബലം അത് ഞങ്ങള്‍ക്ക് നല്കി. കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ജവത്തോടെ ജോലി ചെയ്യുകയാണ് ഞങ്ങള്‍ ഇപ്പോള്‍.’ ഇസ്രോ മേധാവി പറഞ്ഞു.
ജൂലായ് 22നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും ‘ചന്ദ്രയാന്‍ 2’ വിക്ഷേപിക്കപ്പെട്ടത്. ശേഷം സെപ്തംബര്‍ ആറിന് ചന്ദ്രയാന്‍ 2വിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ‘സോഫ്റ്റ് ലാന്‍ഡ്’ ചെയ്യുന്നത് കാണാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. തുടര്‍ന്നാണ് ലാന്‍ഡറുമായുള്ള ബന്ധം ഐ.എസ്.ആര്.ഒയ്ക്ക് നഷ്ടമായത്. ഇതിനു ശേഷമാണ് പരാജയത്തിലുള്ള ദുഃഖം സഹിക്കാനാകാതെ വിതുമ്പിയ ഐ.എസ്.ആര്.ഒ മേധാവിയെ പ്രധാനമന്ത്രി ആശ്ലേഷിച്ച ശേഷം ആശ്വസിപ്പിച്ചത്.
Discussion about this post