വാഷിംഗ്ടണ്‍: ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കക്ക് പദ്ധതിയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്. ഇറാഖില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനമൊന്നും വന്നിട്ടില്ല. സഖ്യകക്ഷികള്‍ക്കൊപ്പം ഇറാഖില്‍ ഐ.എസിനെ നേരിടാന്‍ യു.എസ് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് എസ്പര് കൂട്ടിച്ചേര്‍ത്തു.
സൈന്യം പിന്മാറുന്നു എന്ന തരത്തിലുള്ള യു.എസ് ജനറലിന്റെ കത്ത് അദ്ദേഹം തള്ളി. ഇറാഖില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമൊന്നുമില്ല. ആ കത്ത് എന്താണെന്ന് എനിക്കറിയില്ല. അത് എവിടെ നിന്ന് വന്നെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്- എസ്പര് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന് ജനറല്‍ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വിദേശ ശക്തികള്‍ രാജ്യംവിടണമെന്ന് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി. ഇറാഖില്‍ തങ്ങളുടെ അയ്യായിരത്തോളം സൈനികരുണ്ടെന്ന് യു.എസ് സൈന്യം അറിയിച്ചിരുന്നു.
Discussion about this post