ടെഹ്റാന്: ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തിലെ 180 പേരും കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരണപ്പെട്ടുവെന്നും ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നും ഇറാനിലെ സന്നദ്ധ സംഘടന റെഡ് ക്രെസെന്റ് ആണ് വ്യക്തമാക്കിയത്.
ബോയിങ് 737-800 വിമാനം ടെഹ്റാനില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് ടെഹ്റാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പരന്ദ് എന്ന സ്ഥലത്ത് തകര്‍ന്നുവീണത്.
വിമാന ട്രാക്കറായ ഫ്ലൈറ്റ് റഡാര്‍ 24 നല്കുന്ന വിവരം അനുസരിച്ച് ബുധനാഴ്ച പുലര്‍ച്ചെ 5:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം(യുക്രെയിന് അന്താരാഷ്ട്ര എയര്‍ലൈന്‍ ഫ്ലൈറ്റ് 752) ഒരു മണിക്കൂറോളം വൈകി 6:12നാണ് പുറപ്പെട്ടത്. യുക്രേനിയന്‍ തലസ്ഥാനമായ ക്യിവിലെ ബോറിസ്പില് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയത് വിമാനം യാത്ര തിരിച്ചതെന്നും ഫ്ലൈറ്റ് ട്രാക്കര്‍ പറയുന്നു. അപകടത്തിന്റെ ഒരു വീഡിയോ ദൃശ്യം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിമാനം മിന്നിക്കൊണ്ടിരിക്കുന്ന ഒരു പ്രകാശത്തിന്റെ പൊട്ടായി ക്രമേണ താഴേക്ക് പോകുന്നതും പിന്നീട് അതൊരു വലിയ തീഗോളമായി മാറുന്നതുമായാണ് ദൃശ്യത്തിലുള്ളത്. വിമാനം ചിന്നിച്ചിതറി കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇറാനിയന്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഏതായാലും ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഇറാന് ആക്രമണങ്ങള്‍ക്ക് ശേഷമുണ്ടായ ഈ അപകടത്തില്‍ ദുരൂഹതയുണ്ടോ എന്ന് സംശയിക്കുന്നവര്‍ നിരവധിയാണ്.
Discussion about this post