ഇരുട്ടിലും വ്യക്തമായി തെളിഞ്ഞ ചിത്രങ്ങള്‍ പകര്‍ത്താന്‍ പുതിയ ക്യാമറയുമായി എത്തിയിരിക്കുകയാണ് കാനോണ്‍. കുറഞ്ഞ വെളിച്ചത്തിലും ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ 40 ലക്ഷം ഐഎസ്ഒ സെന്സിറ്റിവി ക്യാമറയാണ് കാനോണ്‍ പുറത്തിറക്കുന്നത്. ആദ്യമായാണ് 40 ലക്ഷം ഐഎസ്ഒയുടെ ക്യാമറയുമായി ഒരു കമ്പനി എത്തുന്നത്.
വളരെ പഴക്കമുള്ള കോഡാക് ക്യാമറയുമായി രൂപസാദൃശ്യമുള്ള ‘കാനോണ്‍ എംഇ20എഫ്എസ്എച്ച് (ME20FSH)’ ആണ് ഉടന്‍ തന്നെ വിപണിയിലെത്താന്‍ പോകുന്നത്. വളരെ കുറഞ്ഞ വെളിച്ചത്തിലും ഇരുട്ടിലും മികച്ച ക്ലാരിറ്റിയുള്ള ചിത്രങ്ങളും എച്ച്ഡി വിഡിയോകളും പകര്‍ത്താന്‍ കഴിയുമെന്നതാണ് ഈ ക്യാമറയുടെ പ്രത്യേകതകളായി കമ്പനി ചൂണ്ടികാണിക്കുന്നത്. സ്റ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനേക്കാള്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള കൂടുതല്‍ സവിശേഷതകളാണ് ക്യാമറയിലുള്ളത്.
കാനോന്റെ ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന ഏത് ലെന്‍സുകളും ഈ പുത്തന്‍ ക്യാമറയില്‍ ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ സംവിധാനം, രാത്രിയിലുള്ള ചലച്ചിത്ര നിര്‍മ്മാണം, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി എന്നിവയ്ക്കായി അരണ്ട വെളിച്ചത്തില്‍ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നുള്ളതാണ് ക്യാമറയുടെ മുഖ്യ സവിശേഷത. നഗ്നമായ നേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത വെളിച്ചത്തിലും എച്ച്ഡി വിഡിയോ പകര്‍ത്താന്‍ ഈ ക്യാമറയ്ക്ക് ആകുമെന്നാണ് കാനോണ്‍ അവകാശപ്പെടുന്നത്. വിഡിയോ അതിന്റെ തനതായ കളര്‍ ടോണില്‍ പകര്‍ത്താന്‍ കഴിയുമെന്നതിനാല്‍ ലോ ലൈറ്റ് ക്യാമറകളുടെ ഗണത്തില്‍ രാജാവായിരിക്കും ഈ ക്യാമറയെന്നും കമ്പനി പറയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സെക്യുരിറ്റി ക്യാമറ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ചോയിസ് ആയിരിക്കും. സ്വതന്ത്ര സിനിമാ നിര്‍മാതാക്കള്‍ക്ക് മികച്ച ഒരു ഉപാധിയായി മാറാവുന്ന ഈ ക്യാമറ ഡിസംബറില്‍ മാത്രമേ വിപണിയില്‍ ലഭ്യമാകൂ. എന്നാല്‍ 19 ലക്ഷത്തോളം രൂപ നല്കി ഇത് സ്വന്തമാക്കാന്‍ എത്ര പേര് തയാറാകുമെന്നതാണ് ഇനി അറിയേണ്ടത്.
Discussion about this post