ഡൽഹി: കഴിഞ്ഞ വർഷം പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളും ഇന്ത്യയുടെ ഭാഗമാണെന്നും അതുകൊണ്ട് അവിടെയും നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം നടപ്പിലാക്കില്ലെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിപ്രായം അദ്ദേഹം തള്ളിക്കളഞ്ഞു. മമത ചരിത്രവും ഭരണഘടനയും വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി നേരത്തെ മമത പറഞ്ഞിരുന്നു. എന്നാൽ നിയമങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരു നിയമവും രാജ്യത്തെ പൗരന്മാർക്ക് എതിരല്ലെന്നും പൗരത്വ നിയമം ആരുടെയും പൗരത്വം നഷ്ടമാക്കാനുള്ളതല്ല, മറിച്ച് പൗരത്വം നൽകാനുള്ളതാണെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞിരുന്നു. മഹാത്മാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ ഇതേ അഭിപ്രായക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിനോ കേരളത്തിനോ എന്നല്ല ഒരു സംസ്ഥാനങ്ങൾക്കും നിയമത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ പ്രസ്താവനകളിലൂടെ കേന്ദ്രമന്ത്രിമാർ നൽകുന്നത്.
Discussion about this post