ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ബദര്‍പ്പൂര്‍ സിറ്റിങ് എംഎല്‍എ എന്‍ഡി ശര്‍മ രാജിവെച്ചു. ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍ഡി ശര്‍മ ഇടംപിടിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് രാജി.
രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എന്‍ഡി ശര്‍മ ഉയര്‍ത്തിയത്. 20 കോടി രൂപയ്ക്ക് കെജ്രിവാള് സീറ്റ് വില്‍പ്പന നടത്തിയെന്നാണ് ശര്‍മയുടെ പ്രധാന ആരോപണം.
ഇന്ന് വൈകീട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇത്തവണ 46 എംഎല്‍എമാര്‍ ആം ആദ്മി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ 15 എംഎല്‍എമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ മത്സരിക്കും. ജാമിയ സംഘര്‍ഷത്തില്‍ ആരോപണ വിധേയനായി അമാനുള്ള ഖാന് ഓഖ്ലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
Discussion about this post