രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനമത്സരത്തില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. 6 വിക്കറ്റ് നഷ്ടപ്പെടുത്തി 340 റണ്‍സാണ് ഇന്ത്യ നേടിയത്. 341 റണ്‍സ് വിജയലക്ഷ്യം.
96 റണ്‍സെടുത്ത ശിഖര്‍ ധവാന്, 78 റണ്‍സെടുത്ത കൊഹ്ലി എന്നിവര്‍ തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍ രാഹുല്‍ 80 റണ്‍സ് എടുത്തു. 52 പന്തില്‍ നിന്നാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം. ബാറ്റിംഗ് തീരാന്‍ രണ്ടു പന്ത് ബാക്കി നില്‍ക്കേയാണ് രാഹുല്‍ പുറത്തായത്.
മത്സരത്തില്‍ ഇക്കുറിയും ടോസ് നഷ്ടമായാണ് ബാറ്റിങ്ങിനിറങ്ങിയതെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വലിയ സ്കോര്‍ സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന രോഹിത് ഇത്തവണ ധവാനോടൊപ്പം നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത്തിനെ നഷ്ടമാവുമ്പോള്‍ 13 ഓവറില്‍ 81റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് നായകന് വിരാട് കോഹ്ലിയോടൊപ്പം അതിവേഗമാണ് ധവാന് തന്റെ സ്കോറുയര്‍ത്തിയത്. ഒരു ഭാഗത്ത് വിരാട് കോഹ്ലി മികച്ച പിന്തുണ നല്‍കിയതോടെ വളരെ അനായാസമായാണ് ധവാന് റണ്ണുകള്‍ കണ്ടെത്തിയത്. 90 പന്തുകള്‍ നേരിട്ട താരം 13 ഫോറുകളും ഒരു സിക്സറുമടക്കം സെഞ്ചുറിക്ക് വെറും നാല് റണ്‍സ് അകലെയാണ് പരാജയപ്പെട്ടത്.
ഓസ്ട്രേലിയന്‍ പേസറായ കെയ്ന്‍ റിച്ചാര്‍ഡ്സണാണ് 96 റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്. 7 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ വേഗത്തില്‍ പുറത്തായി. പാണ്ഡ്യയ്ക്കും(2) തിളങ്ങാനായില്ല.
Discussion about this post