കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല. ദൃശ്യങ്ങളുടെ പരിശോധന ഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തളളി. ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസിലെ രേഖയായ ദൃശ്യങ്ങളെ സംബന്ധിച്ച, ചണ്ഡീഗഢ് സി.എഫ്.എസ്.എല്ലിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് വിചാരണ നടത്തുന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി വാദിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ചോദ്യാവലി പോലും കഴിഞ്ഞ ദിവസം മാത്രമാണ് ചണ്ഡീഗഢിലേക്ക് അയച്ചതെന്നും റോത്തഗി ചൂണ്ടിക്കാട്ടി.
കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസില്‍ 130ല്‍ അധികം സാക്ഷികള്‍ ഉണ്ട്. ഇവരുടെ വിസ്താരം നടത്താം. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഡ് ലെ സി.എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മറ്റ് പ്രതികളുടെ ക്രോസ് വിസ്താരത്തിന് സ്റ്റേ ഇല്ല. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും സി.എഫ്.എസ്.എല്ലിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയുടെ അനുമതി പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 19ന് കൊച്ചിയിലെ വിചാരണ കോടതിയിലെത്തി ദിലീപ് പരിശോധിച്ചിരുന്നു. ദിലീപ് കൊണ്ടുവന്ന സാങ്കേതിക വിദഗ്ധനും പ്രതിഭാഗം അഭിഭാഷകര്‍ക്കുമൊപ്പമായിരുന്നു പരിശോധന. ഇതിനു പിന്നാലെ ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 30 ന് വിചാരണ തുടങ്ങും. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. 136 സാക്ഷികളെ കോടതി വിസ്തരിക്കും. കേസില്‍ 11-ാം സാക്ഷിയാണ് മഞ്ജു വാരിയര്‍. ആദ്യ ഘട്ടത്തില്‍ തന്നെ മഞ്ജുവാരിയറെ വിസ്തരിക്കാന്‍ സാധ്യതയുണ്ട്. സാക്ഷിപ്പട്ടികയില്‍ നിന്ന് ആവശ്യമില്ലാത്തവരെ പിന്നീട് ഒഴിവാക്കും.
Discussion about this post