തിരുവനന്തപുരം: ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയെന്ന പരാതിയില്‍ വൈദികനുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ ചാന്സിലസ് ഫെമസെന്ന വൈദികനും ടൂര്‍ ഓപ്പറേറ്ററായ കിരണ്‍ മോഹനും എതിരെയാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയിലാണ് കേസെടുത്തത്. വൈദികനെ ഇതുവരെ പിടികൂടാനായില്ല.
കഴിഞ്ഞ മെയ് 27നാണ് ഫാദര്‍ ചാന്സിലന്സ് ഫെമസും ഒന്‍പത് പേരും തീര്‍ത്ഥാടക വിസയില്‍ ജോര്‍ദ്ദാനിലേക്ക് പോയത്. ഇതില്‍ ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ജൂണില്‍ വൈദികനുള്‍പ്പെടെയുള്ള പത്തംഗസംഘം തിരിച്ചെത്തേണ്ടിയിരുന്നതാണ്. ഇതില്‍ വൈദികനായ ചാന്സിലസ് ഫെമസ് മാത്രം ജൂണില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തി. മറ്റുള്ളവര്‍ തിരികെ വരാത്തതിലുണ്ടായ സംശയമാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിക്കും കേസിനും ആധാരം. 19 അംഗ സംഘമാണ് വൈദികന്റെ നേതൃത്വത്തില്‍ ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരം വിമാനത്താവളം വഴി പോകാനെത്തിയത്. ഇതില്‍ 9 പേരെ മതിയായ രേഖകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചയച്ചിരുന്നു. പത്തംഗസംഘമാണ് ജോര്‍ദ്ദാനിലേക്ക് പുറപ്പെട്ടത്.
ഒപ്പം പോയവര്‍ തിരികെ വരാത്ത സാഹചര്യത്തില്‍ ഇവരെ ഇസ്രയേലിലേക്ക് ജോലിവാഗ്ദാനം ചെയ്ത് കടത്തിയതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പലരും അവിടെ ജോലി ചെയ്യുകയാണ് പലരുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപേര്‍ ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനം നടത്താറുണ്ട്. ഇതിന്റെ മറവില്‍ ജോര്‍ദ്ദാനിലെ ഹോളിലാന്‍ഡില്‍ നിന്ന് ഇസ്രയേലിലേക്ക് മനുഷ്യരെ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് വൈദികനെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 9 പേരെയാണ് വൈദികന് ഒപ്പം കൊണ്ടുപോയത്. ഇവരുടെ പേരും വിലാസവും ശേഖരിച്ച പൊലീസ് ഇവരുടെ ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് ശേഖരിക്കും.
Discussion about this post