തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തില്‍(എസ്എസ്എല്‍വി) ആദ്യത്തേതിന്റെ വിക്ഷേപണം ഇക്കൊല്ലം ഏപ്രിലില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉണ്ടാകുമെന്നു ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.ശിവന്. ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാള്‍ പുരസ്കാരം ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഐഎസ്ആര്‍ഒയുടെ പദ്ധതിയായ ഗഗന്യാന് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വൈദ്യ പരിശോധനകള്‍ക്കും മനഃശാസ്ത്ര പരിശോധനകള്‍ക്കും ശേഷം ഇന്ത്യൻ വ്യോമസേനയില്‍ നിന്ന് നാല് വൈമാനികരെ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുത്തു. ബഹിരാകാശയാത്രയ്ക്കുളള വാഹനത്തിന്റെ രൂപകല്പനയും എന്‍ജിനിയറിംഗും പൂര്‍ത്തിയായി.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകളും ഇക്കൊല്ലം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായുള്ള ആളില്ലാ വാഹനത്തിന്റെ വിക്ഷേപണം ഇക്കൊല്ലം തന്നെ നടത്താനാകുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു.
Discussion about this post