ഡല്‍ഹി: ശബരിമലയുള്‍പ്പെടെ വിശ്വാസ പ്രശ്നവുമായി ബന്ധപ്പെട്ട കേസില്‍ വാദം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പരിഗണനാ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടായില്ല. ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 23 ദിവസം വാദം ആകാമെന്നായിരുന്നു അഭിഭാഷകരുടെ യോഗത്തിലെ നിര്‍ദേശം. എന്നാല്‍, ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നില്ലെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങള്‍ ആവശ്യമെങ്കില്‍ പുനഃക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. മറ്റ് മതങ്ങളുമായി ബന്ധപ്പെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒന്‍പതംഗം ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്.
മുസ്ലിം, പാഴ്സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുന്‍പ് അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post